പേരാവൂർ (കണ്ണൂർ)- മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് "ഹരിത ശുചിത്വ ബ്ലോക്ക് പഞ്ചായത്ത്" പ്രഖ്യാപനം നടത്തി.
നേരത്തെ ബ്ലോക്ക് പരിധിയിലെ നൂറ് വാർഡുകളും ഏഴു ഗ്രാമ പഞ്ചായത്തുകളുടെയും പ്രഖ്യാപനം നടത്തിയിരുന്നു. ബ്ലോക്ക് പരിധിയിലെ 1380 കുടുബശ്രീ അയൽക്കൂട്ടങ്ങൾ,അഞ്ച് കലാലയങ്ങൾ, 76 വിദ്യാലയങ്ങൾ, 160 അംഗനവാടികൾ, മൂന്ന് ടൂറിസം കേന്ദ്രങ്ങൾ, 345 സ്ഥാപനങ്ങൾ, 22 ടൗണുകൾ, എട്ട് പൊതു ഇടങ്ങൾ, 132 തോടുകൾ എന്നിവ ഹരിതമാക്കിയാണ് സമ്പൂർണ പ്രഖ്യാപനം നടത്തിയത്.
റോബിൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനവും പഞ്ചായത്തുകൾക്കുള്ള മൊമെന്റോയും വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് കെ സുധാകരൻ അധ്യക്ഷനായി. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ റിസോഴ്സ് പേഴ്സൺമാർക്കും മാധ്യമ സംഘടനകൾക്കുമുള്ള മൊമെന്റോയും വാർഡുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ബ്ലോക്ക് സെക്രട്ടറി ആർ സജീവൻ റിപ്പോർട്ടും ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതിയും വിശദീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി വേണുഗോപാലൻ, സി ടി അനീഷ്, വി ഹൈമാവതി, ആന്റണി സെബാസ്റ്റ്യൻ, റോയ് നമ്പുടാകം, ടി ബിന്ദു, എം റിജി, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷരായ മൈഥിലി രമണൻ, എ ടി കെ മുഹമ്മദ്, പ്രേമി പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ സ്വാഗതവും ജോയിന്റ് ബിഡിഒ ബിജു ജോസഫ് നന്ദിയും പറഞ്ഞു.
Peravoor Block Panchayat has become completely green and clean.